ക്‌ളീറ്റസിന്റെ കഥ

അന്ന് ക്ലീറ്റസിന്  വയസ്സ് പത്ത്. അവധികാലം കഴിഞ്ഞു ബോർഡിങ്ങിലേക്ക്മ  മടങ്ങാൻ വെറും ദിവസങ്ങൾ ബാക്കി. സ്കൂളിൽ പോവാൻ മടിയൻ ആയിരുന്നുവെങ്കിലും ആൾ മിടുമിടുക്കൻ ആയിരുന്നു - ചക്ക വെട്ടും, വാഴ നടും, പശുവിനെ കറക്കും, തടിമാടന്മാരായ മൂന്ന് ചേട്ടന്മാർക്കും അമ്മയ്ക്കും കപ്പ പുഴുങ്ങും. 

"എന്റെ നാല് മക്കളെയും ഞാൻ എല്ലാ പണിയും പഠിപ്പിച്ചിട്ടുണ്ട്. അതാവുമ്പോ  നാളെ അവര് വേറെ ആരടേം സഹായം അന്നെഷിക്കണ്ടല്ലോ", ചിന്നമ്മ ചേടത്തി എല്ലാ ഞായറാഴ്ചയും പള്ളിയിലെ അച്ഛനോടും ആടുകളോടും അഹങ്കാരത്തോടെ പറഞ്ഞു. 

രണ്ട് വർഷത്തിൽ ഒരിക്കൽ വന്നാലായി ചേടത്തീടെ കെട്ടിയോൻ വർക്കി. അങ്ങ് ആഫ്രിക്കയിൽ ആളൊരു വലിയ സിവിൽ എഞ്ചിനീയർ ആയിരുന്നേ. 

അങ്ങനെ '75-ലെ ആ അവധിക്കാലം ഏതാണ്ട് അവസാനം ആയപ്പോൾ മൂന്നാല് പെട്ടികളുമായി വർക്കി തന്റെ കോട്ടയത്തെ വീട്ടിൽ എത്തി. കോഴിക്കുഞ്ഞുങ്ങളെ പോലെ തന്റെ മക്കളും ഭാര്യയും വർക്കിക്ക് ചുറ്റും കൂടി നിന്നു, പെട്ടി തുറക്കുന്നത് കാണാൻ. ക്ലീറ്റസ് ഒഴിച്ച്. അവൻ അടുക്കളയിൽ അപ്പന് കപ്പ പുഴുങ്ങുന്നുണ്ടായിരുന്നു. തിരിച്ചു വന്നതിന്റെ ആഫ്രിക്കൻ തിരക്കിൽ അവനെ പക്ഷെ അപ്പൻ അന്വേഷിച്ചില്ല. പുതിയ സാരിയും yardley പൌടറും പെർഫ്യുമും കിട്ടിയ ഉന്മാദത്തിൽ ചേടത്തി അന്ന് പ്രത്യേകിച്ച് പണിയൊന്നും ചെയ്‌തില്ല. തോമസും, ആന്റോയും, ജോപ്പനും അത്ര സന്തോഷത്തിൽ അല്ലായിരുന്നു. എല്ലാവർക്കും കൂടി മാറി മാറി ഇടാൻ അപ്പൻ ആകെ കൊണ്ടു വന്നത് മൂന്ന് കളസവും ബനിയനും. മ്ലാന വദനരായി എല്ലാവരും അവരവരുടെ മുറികളിൽ പോയി.

"അപ്പാ, ഞാൻ ദേ അപ്പനിഷ്ടമുള്ള കപ്പേം പോത്തിറച്ചിയും വെച്ചിട്ടൊണ്ട്. വേഗം ഇരിക്ക്. ചൂടോടെ വിളമ്പാം", അടുക്കള വാതിലിനടുത്ത് നിന്നു കൊണ്ട് ക്ലീറ്റസ് ഉറക്കെ വിളിച്ചു പറഞ്ഞു. ചുറ്റും നിന്ന ആൾകൂട്ടം അങ്ങ് മാറിയപ്പോൾ വർക്കി തന്റെ ഏറ്റവും ഇളയ പുത്രനെ കണ്ടു. എന്നത്തേയും പോലെ ഒരു കാക്കി നിക്കറും വെളുത്ത ബനിയനും അവൻ ധരിച്ചിരുന്നു. കുളിച്ചു എണ്ണ തേച്ച മുടി ചീകി മിനുക്കി ഒരു വശത്തേക്ക് കോതി, ഒരു ഇളം പുഞ്ചിരിയോടെ അവൻ നോക്കി നിന്നു. തിരിച്ചൊരു ചിരിയും ചിരിച്ചു കൊണ്ട് അച്ചായൻ കുളിക്കാൻ പോയി.

വർക്കിച്ചായന്റെ കുളി ഒരു ഒന്നൊന്നര കുളിയാ. അതൊരു അര മുക്കാൽ മണിക്കൂർ നീളും. പക്ഷെ കുളിച്ച് ഇറങ്ങുമ്പോ എന്നാ മണം ആണെന്നറിയാവോ...

കുളിച്ചു കുട്ടപ്പൻ ആയി വർക്കിചായൻ ഊണുമേശയിൽ ഇരിപ്പുറപ്പിച്ചു. ക്ലീറ്റസ് നിരത്തിയ വിഭവങ്ങൾ അപ്പന് വിളമ്പി കൊടുക്കാൻ മൂത്തവന്മാരും ചേടത്തിയും ഓടിയെത്തി.
"അച്ചായാ, ഇതെന്നാ തീറ്റയാ. ഇച്ചിരൂടെ ഇറച്ചി എടുക്കെന്നേ. ഇതൊന്നും നിങ്ങടെ ആഫ്രികേല് കിട്ടുകേല."

പതിവിലും അധികം തിന്നത് കൊണ്ടാവണം, അച്ചായന്റെ അന്നത്തെ ഉച്ചയുറക്കം ശരി ആയില്ല.

അപ്പൻ കൊണ്ടുവന്ന മിഠായിയും പാൽ പൊടിയുമെല്ലാം തോമസും ആന്റോയും ജോപ്പനും ചേർന്ന് രണ്ടു മണിക്കൂറിനകം പകുതിയാക്കി. എല്ലാവരുടെയും കണ്ണുകൾ പെട്ടിയിൽ പതിഞ്ഞപ്പോൾ ക്ലീറ്റെസിന്റെ മാത്രം ശ്രദ്ധ പോയത് അപ്പന്റെ ഊരി വച്ച വാച്ചിനടുത്തിരുന്ന കറുത്ത വസ്തുവിൽ ആയിരുന്നു. ഇതുവരെ കാണാത്ത ഒരു സാധനം!

ദഹനം ശരിയാവാത്തതുകൊണ്ട് അങ്ങോട്ടും ഇങ്ങോട്ടും ഉലാത്തിയ അപ്പന്റെ പിറകെ ചെന്ന് ക്ലീറ്റസ് മെല്ലെ ചോദിച്ചു, "അപ്പാ, അപ്പന്റെ മേശയിൽ ഇരിക്കുന്ന ആ കറുത്ത സാധനം എന്തുവാ? അവുത്തേല് Canon എന്ന് എഴുതിയിട്ടുണ്ടല്ലോ."
കുനിയാതെ വളയാതെ കൈകൾ പിറകിൽ കെട്ടിക്കൊണ്ട് വർക്കിച്ചായൻ ഒറ്റവരിയിൽ ഉത്തരം ഒതുക്കി - "ജെർമനിയിൽ നിന്ന് വരുത്തിച്ച ക്യാമറയാ.."

ക്ലീറ്റെസിന്റെ മുഖം അപ്പോൾ ഒന്ന് കാണേണ്ടത് തന്നെ ആയിരുന്നു. ഇടയ്ക്കിടയ്ക്ക് കോഴികളെ പിടിച്ചു കൊണ്ട് പോകുന്ന പാക്കാൻ പോലും അത്രയും വാ പൊളിച്ചു ആരും കണ്ടിട്ടുണ്ടാവില്ല. റോസ്മേരി സ്റ്റുഡിയോയിലെ ജോണച്ചായന്റെ കൈയ്യിൽ മാത്രമേ അവൻ അന്നുവരെ ക്യാമറ കണ്ടിട്ടുള്ളു. പക്ഷെ അതിതു പോലെയൊന്നും അല്ല കണ്ടാൽ. ഇച്ചിരൂടെ വലുതാണ്‌ സാധനം. എന്നാലും അവന്റെ അപ്പന്റെ ക്യാമറക്ക് തന്നെയാ ഒരെടുപ്പ്.

ഏതായാലും വർക്കിച്ചായൻ അതിനെക്കുറിച്ച് അധികം വിശധീകരിക്കാൻ നില്കാതെ വേഗം തന്റെ മുറിയിൽ കയറി ഉച്ചയുറക്കത്തിനു വാതിലടച്ചു.

അന്നത്തെ പൊള്ളുന്ന ഉച്ച വെയിലത്ത്‌ ക്ലീറ്റെസിന്റെ സ്വപ്നത്തിൽ ഒരു തണൽ മരം പ്രത്യക്ഷപെട്ടു. അതിന്റെ ചില്ലകളിൽ ഒരായിരം ക്യാമറകൾ അങ്ങനെ പൂത്തു നിന്നു.

*******************************
Credits : favim.com


"വയസ്സ് ഇരുപതായി. എന്നിട്ടും നിന്റെ അപ്പന്റെ മൂക്കത്ത് തൊടാൻ പോലും ആയില്ലല്ലോടാ നീ. എന്റെ കർത്താവേ, എനിക്കിങ്ങനെ ഒരെണ്ണത്തിനെ എന്തിനാണോ നീ തന്നത്. അപ്പന്റെ കാശ് വിഴുങ്ങാൻ മാത്രം കൊള്ളാമല്ലോടാ നിന്നെ!", നേരം ഇരുട്ടിയ ശേഷം കൂട്ടുകാരന്മാരോടൊപ്പം വന്നു കേറിയ ക്ലീറ്റെസിനോട് ചിന്നമ്മ ചേടത്തി പല്ല് ഞറുമ്മികൊണ്ട് പറഞ്ഞു. ചങ്ങനാശ്ശേരി SB
കോളേജിൽ അവസാന വർഷ വിദ്യാർഥി ആയിരുന്നു അവൻ. പഠിപ്പൊക്കെ അന്നും ഇന്നും കണക്കു തന്നെ. സൈഡ് ബിസിനസ്‌ പക്ഷെ ആളുടെ ഒരു വീക്നെസ് എന്ന് വേണം പറയാൻ. ഇപ്പോൾ എത്തി നിൽക്കുന്നത് തടി കച്ചവടത്തിൽ. വിശ്വസ്‌തരായ കൂട്ടുകാരും തന്റേടവും ഉണ്ടെങ്കിൽ ആർക്കും എവിടെയും എത്താം, എന്തും ചെയ്യാം. ഇതായിരുന്നു ക്ലീറ്റെസിന്റെ  മുദ്രാവാക്യം. ചെയ്‌ത കച്ചവടങ്ങൾ എല്ലാം ഒന്നും ശോഭിച്ചില്ലെങ്കിലും ചിലതു ബമ്പർ അടി ആയിരുന്നു. പണം അവനൊരിക്കലും ഒരു പ്രശ്നം ആയിരുന്നില്ല. വീട്ടിൽ നിന്നു കിട്ടിയില്ലെങ്കിൽ കൂട്ടുകാർ ഉണ്ടായിരുന്നു. ഇനി അവരുടെ കളസം കീറിയിരുന്നെങ്കിൽ പോകാൻ പിന്നെ ഒരിടമേ ബാക്കി ഉണ്ടായിരുന്നുള്ളു - കറുകയിലെ പാപ്പന്റെ വീട്. ക്ലീറ്റെസിന്റെ ബിസിനസ്സ് സ്വപ്‌നങ്ങൾ പൂക്കുന്നത് പാപ്പച്ചായൻറെ മുറ്റത്താണ്. വലിയ അബ്‌കാരിയും തടി മില്ല് ഉടമയുമായിരുന്ന അദ്ദേഹത്തിന് ഏറ്റവും പ്രിയപ്പെട്ട പയ്യൻസ് ആയിരുന്നു ക്ലീറ്റസ്. അതുകൊണ്ടു തന്നെ തൻ്റെ പല ഇടപാടുകളും തീർപ്പാക്കാൻ അയാൾ ക്ളീറ്റസിനെയും കൂട്ടുകാരെയും ആശ്രയിച്ചു.
"നിന്റെ ആറടി നാലിഞ്ച് നീളവും, ഈ ചോരത്തിളപ്പും ആണെടാ ചെറുക്കാ നിന്റെ ഏറ്റോം വലിയ ബലം", പാപ്പച്ചായൻ എന്നും പറയും.
മിക്ക വെള്ളിയാഴ്ചകളും അയാളുടെ മുറ്റം കുടിയന്മാരുടെ ദർബാർ ആയി മാറുമായിരുന്നു. എല്ലാം കഴിഞ്ഞു മുണ്ടും മടക്കിക്കുത്തി പാപ്പൻ ഒരു അഞ്ഞൂറ് രൂപ ക്‌ളീറ്റസിന്റെ കൈവെള്ളയിൽ പതുക്കെ ചുരുട്ടി വെക്കും. എന്നിട്ടു പറയും, "എന്തെങ്കിലും അത്യാവശ്യം വരും."

വീട്ടിൽ തിരിച്ചെത്തിക്കഴിഞ്ഞാൽ പിന്നെ ഒരു രണ്ടു മണിക്കൂറത്തെക്ക് അവനെ നോക്കണ്ട. ചേടത്തീടെ കലപില ബഹളത്തിൽ നിന്നോടി രക്ഷപ്പെടാൻ അവൻ മുറിയിൽ കയറി വാതിലടക്കും. കിടന്നു കഴിഞ്ഞാൽ പക്ഷെ അവനൊരിക്കലും പെട്ടെന്ന് ഉറക്കം വരാറില്ല. കിടക്കുമ്പോൾ ഓർമയിൽ എന്നും ചില കാര്യങ്ങൾ മായാതെ, മറയാതെ തെളിയും. ചേട്ടന്മാരെ പോലെ വലിയ ജോലിക്കാരൻ ആവാൻ ആവാത്തതിൽ ഉള്ള വിധ വിധ്വേഷം, അപ്പന്റെ ക്യാമറയിൽ തൊട്ടപ്പോൾ കൊണ്ട അടിയുടെ ചൂട്.

********************************

ഒരു ഏപ്രിൽ മാസത്തിൽ ആണ് ഷൈനി ക്‌ളീറ്റസിന്റെ ജീവിതത്തിലേക്ക് കടന്നു വരുന്നത്. തികച്ചും അപ്രതീക്ഷിതവും യാദൃശ്ചികവുമായ ഒരു കണ്ടുമുട്ടൽ - ഒരു മരണ വീട്ടിൽ വെച്ച്. അവിടുന്ന് തുടങ്ങിയ പ്രണയം അവസാനിച്ചത് വീണ്ടുമൊരു ഏപ്രിൽ മാസത്തിലെ വിവാഹത്തിൽ ആയിരുന്നു. ആഘോഷത്തിമിർപ്പോടെ അങ്ങനെ ഒരു കല്യാണം ആ കരയിൽ അന്നു വരെ ആരും കണ്ടിട്ടുണ്ടായില്ല. വർക്കിച്ചായൻ തന്റെ ജർമനി-made ക്യാമറ അന്ന് നിലത്തും താഴെയും വച്ചില്ല. താൻ ഇട്ടിരുന്ന ഇളം നീല സഫാരി സ്യുട്ടിനു അലങ്കാരമായി അതിങ്ങനെ തോളിൽ തൂക്കി ഇട്ടിരുന്നു. ആ കാഴ്ച ക്‌ളീറ്റസിന്റെ കണ്ണുകളെ വെട്ടിച്ചില്ല. അപ്പൻറെ തോളിൽ നിന്ന് അങ്ങോട്ടും ഇങ്ങോട്ടും ആടി ഉലയുന്ന ക്യാമറ. വാശിയുടെ ചൂടുള്ള ക്യാമറ. അവൻ കണ്ണുകൾ പറിച്ചു ഷൈനിയുടെ മുഖത്തു നട്ടു. ശർക്കരയുടെ നിറവും തേങ്ങാപ്പൂള് പോലെയുള്ള കണ്ണുകളുമായി അവൾ അവനെയും നോക്കുന്നുണ്ടായിരുന്നു. എല്ലാം മറന്നൊരു നിമിഷം... പതിനഞ്ചു വർഷങ്ങൾക്കു മുൻപൊരു വേനൽക്കാലത്തു മനസ്സിൽ വന്നു തങ്ങിയ അതേ കുളിർമ ക്‌ളീറ്റസിന്റെ മനസ്സിൽ വീണ്ടും വാസമുറപ്പിച്ചു.


സമയം മഞ്ഞുകാലത്തെ മേഘങ്ങൾ പോലെയാണ്. അതു ശരവേഗത്തിൽ നമ്മെ വിട്ടു പോകും.


ബോംബെയിലെ ജോലി വിട്ട് മസ്കറ്റിലേക്ക് ഒരു ജോലിക്കായിക്ളീറ്റസ് പറന്നു. എല്ലാ രണ്ടാഴ്ചയും കൂടുമ്പോൾ എത്തിയ കത്ത്‌ കൂട്ടിനുണ്ടായിരുന്നു ഷൈനിക്ക്. അവളുടെ അപ്പൻറെ കൂടെ ഫ്ലാറ്റിൽ ഉള്ള താമസം താൻ ഏറെ enjoy ചെയ്യുന്നുവെന്നും ഒരു പിതാവ് കൂടെയുള്ളതിൻറെ സന്തോഷം താൻ വൈകിയാണെങ്കിലും അനുഭവിച്ചറിയുകയാണെന്നും അവൻ ഇടവിടാതെ എഴുതി അറിയിച്ചു. ക്‌ളീറ്റസിന്റെ അഞ്ചാമത്തെ എഴുത്തിന് ഷൈനി അയച്ച മറുപടിക്കത്ത് സാധാരണയിലും ദൈർഖ്യം ഉള്ള ഒന്നായിരുന്നു. ഒരു അമ്മയാകാൻ പോകുന്നതിനുള്ള സന്തോഷം അഞ്ചു പേജുകളിൽ ഒതുക്കി അവൾ അയച്ചു.

മസ്കറ്റ് സ്വപ്നങ്ങൾക്ക് വിട പറഞ്ഞതും, ക്ലാരയും, രണ്ടുവർഷങ്ങൾക്കു ശേഷം അന്ന ജനിച്ചതും കാലത്തിൻറെ കണക്കുപുസ്തകത്തിൽ ഒരു ഞൊടിനേരം മാത്രം. ക്‌ളീറ്റസിന്റെയും ഷൈനിയുടെയും ജീവിതത്തിൽ നല്ല കാലങ്ങൾ നിറഞ്ഞു നിന്നു.

വർക്കിച്ചായൻ എല്ലാ വർഷവും വന്നു തുടങ്ങി. ക്ലാരയെയും അന്നയെയും ഇരു തോളുകളിലും ഏന്തിക്കൊണ്ട് താൻ നാടാകെ ചുറ്റി, ഉടുപ്പുകൾ മേടിച്ചു കൊടുത്തു, പാട്ടുകൾ പാടി. തൻറെ Canon ക്യാമറയിൽ കൊച്ചുമകളുടെ ചിത്രങ്ങൾ നിറഞ്ഞു തുടങ്ങി. തനിക്കു കിട്ടാതെ പോയ വാത്സല്യം തൻറെ മക്കൾക്ക്‌ ചൊരിഞ്ഞു കൊടുക്കുന്നത് നോക്കി ക്ളീറ്റസ് മൗനമായി ആസ്വദിച്ചു. പക്ഷെ ഒരു മുൾച്ചെടിക്കുള്ളിൽ കോർക്കപ്പെട്ടെന്നപോലെ പഴയ ഓർമകൾ പലപ്പോഴും അവനെ അലട്ടി. 1996 ഓഗസ്റ് വരെ.


ഒരു ചെറിയ ബ്രീഫ്‌കേസും തന്റെ ക്യാമറയും മാത്രമേ ആ പ്രാവശ്യം വർക്കിച്ചായൻ കൊണ്ടുവന്നുള്ളു. മെലിഞ്ഞുണങ്ങിയ തന്റെ ശരീരം ആ പഴയ ആഢ്യത്വം പ്രതിഫലിപ്പിച്ചില്ല. വീട്ടിലേക്ക് കയറി വന്നതും താൻ ഷൈനിയെ കെട്ടിപ്പിടിച്ച് അല്പം കരഞ്ഞു, ഉടൻ തന്നെ ക്ളീറ്റസിനെ അന്വേഷിച്ചു.
"ഓഫീസിൽ നിന്ന് ഇന്ന് വേഗം എത്തും പപ്പാ", ഒരു അങ്കലാപ്പോടെ അവൾ പറഞ്ഞു. "പപ്പാ ഇരിക്ക്‌. ഞാൻ ചായ ഇടം. പിള്ളാരിപ്പം സ്കൂളീന്ന് വരും. അവർ പാപ്പായെ കാണാൻ നോക്കി ഇരിക്കുവാ."
മരുഭൂമിയിൽ ഒരു മലർവാടി തളിർത്തപോലെ വർക്കിച്ചായൻറെ മനസ്സൊന്നു തണുത്തു.


ബെഡ്‌റൂമിൽ കയറി ജിം റീവ്‌സിന്റെ പാട്ടുകൾ കാസെറ്റിൽ ഇട്ട് അച്ചായൻ കണ്ണുകൾ അടച്ചു. തുള്ളികളായി കണ്ണുനീർ തന്റെ ചാര നിറത്തിലുള്ള സ്യുട്ടിലേക്കു വീണു. മെല്ലെ കണ്ണട ഊരി , തൂവാല കൊണ്ട് നനവൊപ്പി , താൻ ഒരു പേനയും കടലാസ്സും എടുത്തു. പറയാതെയും ചെയ്യാതെയും പോയ കർത്തവ്യങ്ങൾ, വന്നു പോയ പാളിച്ചകൾ, പ്രകടിപ്പിക്കാതെ പോയ സ്നേഹം, എല്ലാം താൻ മനസ്സിലാക്കാൻ വളരെ വൈകിയെന്നും ക്ളീറ്റസിന് ഇനി നൽകാൻ തന്റെ കൈയ്യിൽ ഒന്നു മാത്രമേ ബാക്കി ഉള്ളു എന്നും അച്ചായൻ എഴുതി.

ഓഫീസ് കഴിഞ്ഞെത്തിയ ക്ളീറ്റസ് നേരെ ഷൈനിയുടെ അടുത്തെത്തി നെറ്റിയിൽ ഒരു ചുംബനം നട്ട ശേഷം അവൾ ഏല്പിച്ച ഒരു ഗ്ലാസ്സ് ചായയുമായി അപ്പന്റെ മുറിയിലേക്കു നീങ്ങി. ജനാലയുടെ അടുത്തു ആ പഴയ ചാരുകസേരയിൽ അപ്പൻ വിശ്രമിക്കുന്നുണ്ടായിരുന്നു.എഴുന്നേൽപിക്കണോ വേണ്ടയോ എന്ന നീണ്ട ആശങ്കക്കൊടുവിൽ അവൻ അപ്പന്റെ തോളിൽ തൊട്ടു. നല്ല ഉറക്കം. വീണ്ടും ഒന്നു വിളിച്ചു. അപ്പന്റെ കൈയ്യിൽ നിന്ന് എന്തോ ഒരു കടലാസ്സ് നിലത്തേക്ക് വീണു. ഒരു നിമിഷത്തേക്ക് ക്ളീറ്റസ് ഭാവരഹിതനായി. ചാരുകസേരയുടെ മറുവശത്തേക്കവൻ മെല്ലെ നടന്നു. അപ്പൻറെ കൈകൾ എടുത്ത്‌ സ്വന്തം കൈകളിൽ അവൻ മൂടി. അവ തളർന്ന്, വിറങ്ങലിച്ചിരുന്നു. അപ്പന്റെ മുഖത്തേക്കവൻ അധികം നോക്കിയില്ല, നോക്കാൻ കഴിഞ്ഞില്ല. എത്ര നേരം ആ കാൽച്ചുവട്ടിൽ മൗനമായി ഇരുന്നുവെന്നു അവനറിഞ്ഞില്ല. കൊണ്ടുവന്ന ചായ തണുത്ത്‌ പാട ചൂടി. ജിം റീവ്സ് തന്റെ അവസാന ഗാനം പാടി-
"This world is not my home, I'm just passing through"
ആളുകൾ  എത്തി തുടങ്ങി. നിലവിളികൾ കേട്ടു തുടങ്ങി. പ്രാർത്ഥനയും പ്രത്യാശ ഗാനങ്ങളും നിറഞ്ഞപ്പോൾ അപ്പൻറെ ചൂട് പറ്റി ആ ചാരുകസേരയിൽ ക്ളീറ്റസ് തളർന്നു കിടന്നു. ആ തളർച്ചക്കൊരു തണലായി അപ്പന്റെ പഴയ Canon ക്യാമറ അവന്റെ തോളിൽ തൂങ്ങി കിടന്നു. 


Credits : flickr

      
                                                            **********************************************










Comments

Popular Posts